Tuesday, 24 November 2015

ഗ്ലോബല്‍ പീസ് കോണ്‍ഫറന്‍സ്

ഭീകരവാദത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം: റാബിത


സര്‍വാക് (മലേഷ്യ): മത പണ്ഡിതന്‍മാര്‍ ഭീകരവാദത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചും യുവാക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയും മത വിജ്ഞാനീയങ്ങളിലൂടെ യുവാക്കളെ വളര്‍ത്തികൊണ്ട് വരണമെന്ന് മലേഷ്യയിലെ സര്‍വാക്കില്‍ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയ്യ സംഘടിപ്പിച്ച സമാധാന സമ്മേളനം ആഹ്വാനം ചെയ്തു. സമകാലിക പ്രശ്‌നങ്ങളില്‍ യുവാക്കളുമായി പണ്ഡിതന്‍മാര്‍ സംവദിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും വേണം. യുവാക്കളുടെ സംസ്‌കരണവും ശാക്തീകരണവും ലക്ഷമാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കണം. നവ മാധ്യമങ്ങളുടെ ഉപയോഗത്തിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നവമാധ്യമങ്ങളുടെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും വേണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
മലേഷ്യയിലെ സര്‍വാക് സംസ്ഥാന ഗവണ്‍മെന്റിന്റെ സഹകരണത്തോടെയാണ് മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയ്യ ഗ്ലോബല്‍ പീസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ റാബിത ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ തുര്‍ക്കി നേതൃത്വം നല്‍കി. സര്‍വാക് ഗവര്‍ണര്‍ ഡോ. ദാതു അബ്ദുത്വയ്യിബ് മഹ്മൂദ്, ചീഫ് മിന്സ്റ്റര്‍ ഡോ. അദ്‌നാന്‍ ബിന്‍ അല്‍ ഹാജ് സാതിം, മതകാര്യ വകുപ്പ് മന്ത്രി ദാതു ഹാജി ദാവൂദ് ബിന്‍ അബ്ദുറഹ്മാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും പണ്ഡിതന്‍മാരും പങ്കെടുത്തു.

No comments:

Post a Comment