Sunday 5 January 2014

പാല്‍ക്കടലായി ഫൈസാബാദ്

ജാമിഅ നൂരിയ്യ സമ്മേളനത്തിന് പ്രൗഢ്വോജ്വല സമാപ്തി




ഫൈസാബാദ് (പട്ടിക്കാട്): പടരുന്ന ജീര്‍ണതകള്‍ വെടിഞ്ഞ് മതമൂല്യങ്ങളോടെ ആദര്‍ശപാതയില്‍ സഞ്ചരിക്കാന്‍  ആഹ്വാനം ചെയ്ത് ജാമിഅ നുരിയ്യ 51-മത് വാര്‍ഷിക 49-മത് സനദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. മതവൈജ്ഞാനികഗോപുരത്തിലെ വിളികേട്ട് ഫൈസാബാദിലേക്ക് അണമുറിയാത്ത ജനപ്രവാഹം.  വിശ്വാസി സാഗരത്തില്‍ പട്ടിക്കാട് വീര്‍പ്പു മുട്ടി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ശുഭ്രസാഗരം ജാമിഅയുടെ അനിവാര്യതയും ജനപിന്തുണയും അത്യുന്നതങ്ങളിലാണെന്ന് വരച്ചുകാട്ടി. ദക്ഷിണേന്ത്യയിലെ വൈജ്ഞാനിക വിപ്ലവത്തിന് വിജയമന്ത്രമോതിയ ജാമിഅ: നൂരിയ്യയുടെ സ്ഥാനം ഹൃദയങ്ങളിലാണെന്ന് സമാപന സമ്മേളനം ഉദ്‌ഘോഷിച്ചു. കേരളക്കരയിലെ ഇസ്‌ലാമിക പ്രബോധനവീഥിയില്‍ അരനൂറ്റാണ്ടിലേറെയായി പാല്‍നിലാവായി നിറഞ്ഞ ജാമിഅയുടെ ഗോള്‍ഡന്‍ ജൂബിലി പദ്ധതികള്‍ കൂടുതല്‍ ശോഭയുള്ളതാകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ 153 യുവപണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങി. മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഉദ്‌ഘോഷവുമായി അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയപ്പോള്‍ ജാമിഅയില്‍ നിന്ന് അഞ്ച് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 5922 ആയി ഉയര്‍ന്നു.
കാലികവും  ചരിത്രവും സമ്വനയിച്ച് ഫൈസാബാദിലെ പൂക്കോയതങ്ങള്‍ നഗരിയില്‍ നടന്ന സമ്മേളനം ഇസ്‌ലാമിക വിഷയങ്ങളെ സൂക്ഷമമായി അപഗ്രഥിച്ചു. വര്‍ത്തമാന ജീര്‍ണതക്ക് കാരണം സമൂഹം മതങ്ങളില്‍ നിന്ന് അകന്നതാണെന്നും ഇസ്‌ലാമില്‍ തീവ്രവാദത്തിന് സ്ഥാനമില്ലെന്നും മിതഭാഷയാണ് ഇസ്‌ലാമിന്റേതെന്നും ആഗോള തലത്തില്‍ ഇസ്‌ലാമിനെതിരെയുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ  ജാഗ്രത്തായിരിക്കാനും സമ്മേളനംആഹ്വാനം ചെയ്തു.  ഇരുപത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സ്റ്റുഡന്‍സ് വര്‍ക്ക്‌ഷോപ്പ്, പ്രബോധനം, ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, അലുംനി മീറ്റ്, പ്രവാസം, അറബിക് കോണ്‍ഫ്രന്‍സ്, നിയമ സമീക്ഷ, ആദര്‍ശം, അനുസ്മരണം, വഖഫ് സെമിനാര്‍ തുടങ്ങിയവ പ്രധാന സെഷനുകളായിരുന്നു.  മദീനയിലെ മസ്ജിദുന്നബവിയില്‍ സ്ഥാപിച്ച പാഠശാലയുടെ ജ്ഞാന വഴിയിലാണ് 1963 ല്‍ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സ്ഥാപിതമായത്.
സമാപന സമ്മേളനം പാണക്കാട്  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സഊദി അമ്പാസഡര്‍ ഡോ. സഊദ് മുഹമ്മദ് അസ്സാതി മുഖ്യാതിഥിയായിരുന്നു. കേന്ദ്ര മന്ത്രി ഇ.അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ പാര്‍ലമെന്ററി മെമ്പര്‍ ശൈഖ് ഹസന്‍ ഈദ് ബുഖമ്മസ് കേരള മുസ്‌ലിം നേതാക്കള്‍ക്കുള്ള ഉപഹാരം സമര്‍പ്പിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി കോയക്കുട്ടി മുസ്ല്യാര്‍, ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്ല്യാര്‍, വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി  എന്നിവര്‍ ഉപഹാരം ഏറ്റു വാങ്ങി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നിര്‍വ്വഹിച്ചു.  അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത,   തര്‍ക്കി പ്രതിനിധികളായ ബിലാല്‍ അക്കിക്കോസ് , ശഅ്ബാന്‍ കുക്ക് , ഒമാനില്‍ നിന്നുള്ള ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, അബ്ദു റസാഖ് റജബ് ആബിദീന്‍, അബ്ദുല്ലാ മുഹമ്മദ് ഖല്‍ഫാന്‍, സ്വാലിഹ് ബിന്‍ സഈദ് അലി, അബ്ദല്ല സഈദ് എംപി, തുടങ്ങിയവര്‍ അതിഥികളായിരുന്നു.സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി,  സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍. സയ്യിദ് ജമലുല്ലൈലി തങ്ങള്‍. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി കെ മമ്മദ് ഫൈസി. പി. അബ്ദുല്‍ ഹമീദ് അഡ്വ എം ഉമര്‍ എംഎല്‍എ. അഡ്വ എന്‍ ശംസുദ്ദീന്‍ എംഎല്‍എ, സംസാരിച്ചു.
നഗരി നിറഞ്ഞ മഗ്‌രിബ് നമസ്‌കാരം ചരിത്രമായി.

 പട്ടിക്കാട്: നഗരി നിറഞ്ഞ മഗ്‌രിബ് നമസ്‌കാരം ചരിത്രമായി. മഗ്‌രിബ് നമസ്‌കാരത്തിന്  മുമ്പേ വിവിധ ദിക്കുകളില്‍ നിന്ന് എത്തിയവരെ കൊണ്ട് പൂക്കോയ തങ്ങള്‍ നഗരി നിറഞ്ഞിരുന്നു. നഗരിയില്‍ നിന്ന് മനോഹരമായി ബാങ്ക് വിളിച്ചതിന് പിന്നാലെ നടന്ന നമസ്‌കാരത്തില്‍ പങ്കെടുത്തവരെ കൊണ്ട്  ഗ്രൗണ്ട് നിറഞ്ഞൊഴികി. ജാമിഅ നൂരിയ സനദ് ദാന സമ്മേളനത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേരത്തെയെത്തുകയെന്നതും ഫൈസാബാദിലെ കാഴ്ച്ചയാണ്.


ഏത് വെല്ലുവിളികളെയും ഇസ്‌ലാം അതിജീവിക്കും.ഇ.അഹമ്മദ്
പട്ടിക്കാട്: നല്ലശ്രദ്ദയും, ചിന്തയും വേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും, പുതിയ തലമുറക്ക് മുമ്പില്‍ വലിയവെല്ലുവിളികളാണുള്ളതെന്നും കേന്ദ്രമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. വികാരമല്ല വിവേകമാണ് നമ്മെ നയിക്കേണ്ടത്. ഇത് വഴി മാത്രമെ സമൂഹത്തിന്  ഐക്യവും ഭദ്രതയും കൈവരിക്കാനാവൂ. ലോകത്ത് ഇസ്‌ലാം പ്രതിസന്ധികളെ അതിജീവിക്കും. ഇന്ത്യയില്‍ ഒരിക്കലും മുസ്‌ലിംകളെ അവഗണിക്കാനാവില്ല. പതിനഞ്ച് കോടി മുസ്‌ലിംകള്‍ രാജ്യത്ത് നിസ്സാരരല്ല. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം വളരെ ശക്തമാണ്. ഇവരെ അടിച്ചമര്‍ത്താനാവില്ലന്നും അദ്ദേഹം പറഞ്ഞു.   

ഉത്തമസമുദായത്തെ രൂപീകരിക്കുന്നത് വഴി ഉത്തമസമൂഹം വളരും .കുഞ്ഞാലിക്കുട്ടി

പട്ടിക്കാട്: ആനുകാലിക വിഷയങ്ങള്‍ പഠിച്ച് വളര്‍ന്ന് വരുന്ന ജനതക്ക് ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കി മാനവ സമൂഹത്തെ ഗുണപരമായി മുന്നോട്ട് നയിക്കുന്നത് പണ്ഡിത സമൂഹമാണന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാമിഅ നൂരിയ്യ അറബിയ്യയുടെ അമ്പത്തിഒന്നാം വാര്‍ഷികസമ്മേളനത്തിന്റെ  സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര സംസ്‌കാരത്തെ നിലനിര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏത് പ്രതികൂല സാഹചര്യമുണ്ടായാലും ഇത്തരം മതപഠന സ്ഥാപനങ്ങള്‍ നിലനില്‍ക്കണം.ഉത്തമസമുദായത്തെ രൂപീകരിക്കുന്നത് വഴി ഉത്തമസമൂഹത്തെ ശൃഷ്ടിക്കാനാവും. ഉത്തമസമൂഹത്തെ രൂപീകരിക്കുന്നതിനുള്ള ലീഡര്‍ഷിപ്പാണ് ജാമിഅക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

മതേതരത്വത്തിന്റെ സംരക്ഷണം സമൂഹത്തിന്റെ കരങ്ങളിലൂടെ : അനില്‍ കുമാര്‍

ഫൈസാബാദ്: മതേതരത്വത്തിന്റെ സംരക്ഷണം സമൂഹത്തിന്റെ കരങ്ങളിലൂടെയാണെന്ന് കേരള ടൂറിസം സാംസ്‌കാരിക വകുപ്പു മന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞു. മതേതരത്വവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ പണ്ഡിത തലമുറ പ്രാപ്തരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദര്‍ശ-അനുസ്മരണ സമ്മേളനത്തില്‍ എം. ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായി. സലീം ഫൈസി ഇര്‍ഫാനി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മുസ്തഫാ അഷ്‌റഫി കക്കുപടി, എം.ടി അബൂബക്കര്‍ ദാരിമി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രസംഗിച്ചു. 

മുസ്‌ലിങ്ങളുടെ ദാരിദ്രമകറ്റാന്‍ വഖ്ഫ് സ്വത്തുക്കള്‍ ഉപയോഗിക്കണം : മന്ത്രി അലി 

ഫൈസാബാദ്: മുസ്‌ലിം സമുദായത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വഖഫ് സ്വത്തിന്റെ കാര്യക്ഷമമായ ഉപാേയഗത്തിലൂടെ സാധിക്കുമെന്ന്   അദ്ദേഹം പറഞ്ഞു. രാജ്യത്ത് നാലു ലക്ഷം ഏക്കര്‍ വഖ്ഫ് ഭൂമി രജിസ്റ്റര്‍ ചെപ്പെട്ടിരുന്നു. ഇന്നത് രണ്ടു ലക്ഷം ഏക്കര്‍ ആയി ചുരുങ്ങിയിരിക്കുന്നു. വന്‍ നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളും തിയേറ്ററുകളും വഖ്ഫ് സ്വത്ത് കൈയ്യേറ്റം ചെയ്തിരിക്കുന്നുവെന്ന് ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വഖ്ഫ് സ്വത്തിന്റെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് വഖ്ഫ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതു രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകമാകും, അദ്ദേഹം പറഞ്ഞു.

വഖ്ഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കണം : ഇ.ടി മുഹമ്മദ് ബഷീര്‍

ഫൈസാബാദ്: അന്യാധീനപ്പെട്ടു പോകുന്ന വഖ്ഫ് സ്വത്തുകള്‍ തിരിച്ചു പിടിക്കുകയും അതിന്റെ ഫലപ്രദമായ ഉപയോഗങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വഖ്ഫ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് ഉടമാവകാശവും ഗുണഭോക്താക്കളും എന്ന വിഷയത്തില്‍ സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ സംസാരിച്ചു. അബ്ദു റഹ്മാന്‍ ഫൈസി അരിപ്ര, ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, പരീദ് ഹാജി പ്രസംഗിച്ചു.    

No comments:

Post a Comment