Monday, 14 January 2013

പുതു ചരിത്രം രചിച്ച് ജാമിഅഃ നൂരിയ ഗോള്‍ഡന്‍ ജൂബിലിക്ക് പരിസമാപ്തി

പുതു ചരിത്രം രചിച്ച് ജാമിഅഃ നൂരിയ ഗോള്‍ഡന്‍ ജൂബിലിക്ക് പരിസമാപ്തി

ജനസാഗരം സാക്ഷി: ജാമിഅഃ നൂരിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു കെ. മമ്മദ് ഫൈസി, സാദിഖലി തങ്ങള്‍, പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍, ശൈഖുനാ കോയക്കുട്ടി മുസ്‌ലിയാര്‍, മുഫ്തി ഖലീല്‍ അഹ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് സാഹിബ്, ഡോ. ദിക്‌റുറഹമാന്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍ മഞ്ഞളാം കുഴി അലി സമീപം
കുറ്റകൃത്യങ്ങള്‍ തടയാന്‍ വിശ്വാസത്തിന്റെ പിന്‍ബലം വേണം -ഹൈദരലി തങ്ങള്‍
ഫൈസാബാദ്: കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം മാത്രം പോരെന്നും വിശ്വാസത്തിന്റെ പിന്‍ബലംകൂടി വേണമെന്നും ജാമിഅ നൂരിയ്യ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ സുവര്‍ണജൂബിലി സമ്മേളന സമാപനവും സനദ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല വിശ്വാസത്തിലൂടെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കുമ്പോള്‍ കുറ്റകൃത്യങ്ങളും ഇല്ലാതാകും. നല്ല സംസ്‌കാരമുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സമാധാനത്തിന്റെയും മതമൈത്രിയുടെയും വെളിച്ചം വീശി സമൂഹത്തെ നന്‍മയിലേക്ക് നയിക്കാനാണ് ബിരുദധാരികള്‍ ശ്രമിക്കേണ്ടത്. ഇസ്‌ലാം ഒന്നിനെയും അടിച്ചേല്‍പ്പിക്കുന്നില്ല. ഖുര്‍ആനിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത് -ഹൈദരലി തങ്ങള്‍ പറഞ്ഞു.
സാമുദായിക സൗഹാര്‍ദത്തിന്റെ വിത്തുകളാണ് ഫൈസിമാര്‍ സമൂഹത്തിന് നല്‍കേണ്ടതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. സമസ്തയെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാനത്തിന്റെ പര്യായമായി ജാമിഅയെ വളര്‍ത്തിയത് ദീനി സ്‌നേഹിതരാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച ജാമിഅ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു. ഇവിടെ നിന്ന് പുറത്തിറങ്ങുന്ന ഫൈസിമാര്‍ ക്രിയാത്മകതയുടെ വക്താക്കളായാണ് ലോകമെങ്ങും പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിം സമൂഹം മുന്നേറുമ്പോള്‍ ഇതര മതങ്ങളിലേക്കും ആ നന്മ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പ്രാര്‍ഥനയ്ക്ക് സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. ഈജിപ്ത് അംബാസഡര്‍ ഖാലിദ് അല്‍ ബഖ്‌ലി, ഹൈദരാബാദ് നിസാമിയ്യയിലെ ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ്, ദാത്തോ അബ്ദുള്‍കരീം(മലേഷ്യ), ഡോ. ശഅബാന്‍ കുക്ക്(തുര്‍ക്കി) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പി. അബ്ദുല്‍ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്ത്രീ പീഡനങ്ങള്‍ക്ക് ലൈംഗിക ഉദാരതയും കാരണം : സൈനുല്‍ ഉലമ ചെറുശ്ശേരി 
ഫൈസാബാദ് : ലൈംഗിക ഉദാരതയുടെ പ്രത്യാഘാദങ്ങളും സ്ത്രീ പീഡന സംഭവങ്ങളില്‍ ഒരു ഘടകമായി പ്രവര്‍ത്തിക്കുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്‍മാര്‍ പ്രവര്‍ത്തന മണ്ഡലങ്ങളിലും ഇട പഴകലുകളിലും സ്രഷ്ടാവ് തന്നെ നിര്‍ണയിച്ചിട്ടുള്ള അതിരുകളുണ്ട് അത് ലംഘിക്കാന്‍ മനുഷ്യര്‍ തുനിയുമ്പോള്‍ അതിന്റെ ദുരിതങ്ങള്‍ സമൂഹം ഒന്നടങ്കം അനുഭവിക്കേണ്ടി വരുമെന്നും ചെറുശ്ശേരി ചൂണ്ടിക്കാട്ടി. നബി ചര്യ അനുസരിച്ച് ജീവിക്കുന്നതിലൂടെയാണ് മനുഷ്യന്‍ സംസ്‌കാരം കൈവരിക്കുക. വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് മാറ്റി മറിക്കാനുള്ളതല്ല പ്രവാചക തിരുമേനിയുടെ തിരു സുന്നത്ത്. 
നബി ചര്യയെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ആര് മുതിര്‍ന്നാലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അവര്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കും. അറിവിനൊപ്പം സത്യസന്ധതയും ഉദ്ദേശ്യശുദ്ധിയുള്ളവുരുമാണ് പണ്ഡിതന്‍മാര്‍ ഭൗതിക നേട്ടങ്ങള്‍ക്കായി കല്ലുവെച്ച നുണ പറയുന്നവര്‍ പണ്ഡിതന്‍മാരുടെ കൂട്ടത്തിലുമുണ്ട്. അത്തരക്കാര്‍ക്കെതിരെ മഹാന്‍മാരായ പണ്ഡിതന്‍മാര്‍ നടത്തിയ പ്രാര്‍ത്ഥനകളുണ്ട്. ആ പ്രാര്‍ത്ഥനയെ തടയാന്‍ ബാനര്‍ കെട്ടിയ തീവണ്ടികള്‍ കൊണ്ട് കഴിയില്ല. ഭിന്നിപ്പുകള്‍ക്ക് സ്ഥാനമില്ലാത്ത പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്തയേയും മഹത്തായ ദീനീ സ്ഥാപനങ്ങളേയും മഹാന്‍മാരായ നേതാക്കന്‍മാരും പണ്ഡിതന്‍മാരും കൈകോര്‍ത്ത് പിടിച്ചു വളര്‍ത്തിയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്തോ - ഈജിപ്ത് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക : ഈജിപ്ത് അമ്പാസിഡര്‍
ഫൈസാബാദ് : ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണെന്നും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈജിപ്ത് പ്രതിജ്ഞാബന്ധമാണെന്നും ഈജിപ്ത് അംബാസിഡര്‍ ഖാലിദ് അല്‍ ബഖ്‌ലി പറഞ്ഞു. ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി സനദ്ദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജാമിഅഃ നൂരിയ്യയും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയും തമ്മില്‍ നില നില്‍ക്കുന്ന അക്കാഡമിക് തലത്തിലുള്ള പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക നവജാഗരണ മത വിദ്യഭ്യാസ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment